ഇന്ന്
കവികൾ അവർക്ക് ആവശ്യമുള്ള കവിതകൾ എഴുതുന്നു; അവരവർക്ക് ആവശ്യമുള്ള അപ്പം
ചുട്ടെടുക്കുന്ന പോലെ. അത് മറ്റൊരാൾ അംഗീകരിക്കണമെന്നില്ല. വായനക്കാരെ
കവികൾക്കോ സാഹിത്യ പ്രസിദ്ധീകരണങ്ങൾക്കോ വേണ്ട. ഒരാൾ ചുടുന്ന അപ്പം ഈ
ലോകത്തിലെ മറ്റു അപ്പം നിർമ്മാതാക്കളോട് മത്സരിക്കാനല്ലല്ലോ. അതുപോലെയാണ്
കവിതയും. സാഹിത്യകൃതിയിലെ വിവരണത്തെ പൊതുവേ പാഠം എന്നാണ് വിളിക്കുന്നത്
.പാഠം ഒരു രചനയാകാം ;അല്ലായിരിക്കാം .അത് പരമ്പരാഗതമായ നിർമ്മിതിയാകാം ;
അല്ലായിരിക്കാം. പക്ഷേ ,ഒരു രചയിതാവ് അറിഞ്ഞുകൊണ്ട് കള്ളം എഴുതുന്നതിലെ
സർഗാത്മകതയാണ് ഇവിടെ ചർച്ചചെയ്യുന്നത്. എഴുത്തുകാരന് കള്ളം പറയേണ്ടി
വരുന്നത് നേരിനെ നേരിടാനാണ്. മുഖംമൂടിയിട്ട യാഥാർത്ഥ്യം നിലനില്ക്കുന്നു.
ഒരാൾ ജീവിച്ചതോ ,കൃത്യമായി ഓർമ്മിച്ചതോ ,കേട്ടതോ ഒന്നുമല്ല സാഹിത്യകൃതിയിൽ
എഴുതേണ്ടത്. അതൊക്കെ ആർക്കും സാധ്യമാണ്. ഒരു കഥ സങ്കല്പിച്ചു പറയാൻ
ഏതൊരാൾക്കും കഴിയും. അതുപോലെ എഴുതാനുമാവും .കാരണം എഴുത്ത് ആ അർത്ഥത്തിൽ ഒരു
പൊതുവ്യവഹാരമാണ്. ഇന്നു എല്ലാവരും എഴുതുന്നുണ്ട് ;മിക്കവാറും അത് സ്വന്തം
കാര്യം എന്ന നിലയിലാണ്. നേരത്തെ പറഞ്ഞതുപോലെ അവനവനു ആവശ്യമുള്ളത്
എഴുതിയുണ്ടാക്കുന്നു. വായനക്കാരനെ വേണമെന്നില്ല; അവാർഡു കമ്മിറ്റിക്കാരെ
മതി. ഒരു പുസ്തകം ഇറങ്ങിയാലുടനെ അമ്പതിനായിരവും ഒരു ലക്ഷവും കൊടുത്ത്
മാലയിട്ടാദരിക്കാൻ അവാർഡ് മുതലാളിമാർ റെഡിയാണ്. വിജിലൻസ് എവിടെപ്പോയി ?
എനിക്കു
തോന്നുന്നത്, അവനവൻ്റെ ഊരാകുടുക്കുകളിൽ നിന്ന് രക്ഷപ്പെടാനായി
എഴുതുമ്പോഴാണ് അസാധാരണമായി ഒരു പ്രശ്നത്തെ നമുക്കു തുറന്നു
കിട്ടുന്നതെന്നാണ്.ഈ സന്ദർഭങ്ങളിൽ എഴുത്ത് അവനവനിലേക്കുള്ള ഒരന്വേഷണമാണ്.
മുമ്പ് അനുഭവിച്ചിട്ടില്ലാത്തത് , അർത്ഥപരമായി കൃത്യതയിൽ
എത്തിച്ചേർന്നിട്ടില്ലാത്തത് , സങ്കൽപമായി കൊണ്ടുനടന്നിട്ടില്ലാത്തത്,
പലരോടും പങ്കുവച്ച് വ്യാഖ്യാനിക്കാനാവാത്തത് തുടങ്ങിയ പ്രമേയങ്ങളിലൂന്നി
എഴുതുമ്പോൾ ഒരന്വേഷണവും വിസ്മയവുമുണ്ട്. അസ്തിത്വത്തിൻ്റെ ഒരു കണമെങ്കിലും
ആവിഷ്കരിക്കണം. അവിടെയാണ് അനുഭവങ്ങളിലുള്ള ഖനനം സംഭവിക്കുന്നത്.
മണ്ണിനടിയിൽ നിന്ന് പുറത്തുവരികയാണ് അവയെല്ലാം.നൂറ്റാണ്ടുകളോളം
മറഞ്ഞിരുന്നതാവാം; ആരുടെയും ചിന്താപഥത്തിൽ വന്നിട്ടില്ലാത്തതാണ്. അത് ഒരു
നിമിഷത്തിൽ തുറക്കപ്പെടുകയാണ് .
എഴുതുന്ന
ആളിനുതന്നെ അതിനെക്കുറിച്ച് വ്യക്തതയുണ്ടാവില്ല.
വ്യക്തതയില്ലാത്തതിനെക്കുറിച്ചേ എഴുതാവൂ. വ്യക്തതയുള്ളതെല്ലാം മണ്ണിനു
മുകളിലാണല്ലോ ഉണ്ടാവുക. നിത്യസമ്പർക്കംകൊണ്ട് പലതും സുഗ്രാഹ്യമാണ്.
പരിചിതമായ ലോകങ്ങൾ ഉപരിതലത്തിൽ എത്രവേണമെങ്കിലുമുണ്ട് .അത് എല്ലാവരുമായി
പങ്കുവയ്ക്കാനാവും. എല്ലാവർക്കും അതെല്ലാം മനസ്സിലാകും. കാരണം, ഇതൊക്കെ
എല്ലാവരും പൊതുജീവിതത്തിൻ്റെയോ, വിദ്യാഭ്യാസത്തിൻ്റെയോ ,പൊതു
രാഷ്ട്രീയത്തിൻ്റെയോ പേരിൽ അനുഭവിക്കുന്നതാണ്. ഇതെല്ലാം കമ്പോടുകമ്പ് വാരി
വിതറുന്ന പ്രക്രിയയല്ല എഴുത്ത്. എഴുതുമ്പോൾ മനസ്സിൽ ചില അപ്രതീക്ഷിത
കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. അത് മുൻകൂട്ടി നിശ്ചയിച്ചതല്ല. സർഗാത്മകമായ
മനസ്സിൻ്റെ കാര്യത്തിൽ ഇതുതന്നെയാണ് സംഭവിക്കുന്നത്. ഒരു യഥാർത്ഥ കവിക്ക്
താൻ എഴുതുന്നതിൻ്റെ അർത്ഥം മനസ്സിലായിക്കൊള്ളണമെന്നില്ലെന്ന്
ടി.എസ്.എലിയറ്റ് പറഞ്ഞത് ഇവിടെ പ്രസക്തമാവുകയാണ്.
ഒരു വാതിൽ തുറക്കുകയാണ്
കവി
എല്ലാം തീരുമാനിച്ചശേഷം ഒരു ആധാരമെഴുത്തുകാരനെ പോലെയാണോ എഴുതുന്നത്
?എങ്കിൽ അയാളുടെ മനസ്സ് എത്ര ശുഷ്കമായിരിക്കും? ഒരു 'വലിയ മനസ്' എന്ന് ആ
കവിയെ വിളിക്കാനാവില്ല. വലിയ മനസ്സിന് അങ്ങനെ കവിതയെഴുതാനാവില്ല. എല്ലാം
നിശ്ചയിച്ചുറപ്പിക്കുന്ന കവി യുക്തിയെ മാത്രമാണ്
ആശ്രയിക്കുന്നത്.ബോധേന്ദ്രിയങ്ങൾക്കപ്പുറത്തേക്ക് പോയി സ്വകീയമായ
ആന്തരികപ്രശ്നങ്ങളെ നേർക്കുനേർ കാണാൻ കഴിയേണ്ടതുണ്ട്. ഒറ്റയ്ക്ക്
അനുഭവിക്കുന്നതിൻ്റെ മുറിവുകൾ ഒരാൾ മറ്റാരോടും പറയാനാവാതെ മനസ്സിൽ തന്നെ
കൊണ്ടു നടക്കുമ്പോഴുള്ള ഒരു വ്യഥയുണ്ട്. സൃഷ്ടിപ്രക്രിയയിൽ ഇതുപോലുള്ള
വ്യഥകൾക്കു മൂല്യമുണ്ട്. ചില അറിവുകൾ വിനിമയം ചെയ്യാൻ പോലുമാകാതെ മനുഷ്യൻ
മനസ്സിൻ്റെ അടിത്തട്ടിൽ ഒളിപ്പിക്കുന്നു. സ്വയമൊരു അസംബന്ധമാണെന്ന അറിവ്
എങ്ങനെയാണ് മറ്റുള്ളവരോട് പറയുക?
എഴുതുമ്പോഴാണ്
എഴുത്തുകാരൻ്റെ യാഥാർത്ഥ്യമുണ്ടാകുന്നത്. അതു മുൻകൂട്ടി ആസൂത്രണം
ചെയ്തതല്ല; അത് ഭാഷയിലൂടെ സംഭവിക്കുകയാണ്. ഭാഷയാകട്ടെ അവനവൻ്റെ പാതയാണ്.
ഭാഷയില്ലെങ്കിൽ ,അയാളിൽ അവ്യക്തവും നിഗൂഢവുമായ അലങ്കോലങ്ങളായി അതെല്ലാം
നിലനിന്നേക്കാം. എഴുത്തുകാരനു തന്നെക്കുറിച്ച് ഒന്നുമറിയില്ല. അയാൾ സ്വന്തം
അദൃശ്യതയെയാണ് തകർക്കാൻ ശ്രമിക്കുന്നത്. അയാളുടെ ഉള്ളിൽ
സംഭരിക്കപ്പെട്ടതോ അജ്ഞാതമായതോ ആവാമത്. പലരുടെയും പ്രിയപ്പെട്ട സുഹൃത്ത്
എന്ന ഐഡൻ്റിറ്റിയല്ല എഴുതുമ്പോൾ അയാൾക്കുള്ളത്. അപ്പോൾ കുടുംബനാഥനല്ല;
ഉദ്യോഗസ്ഥനല്ല. തന്നിലുള്ള അജ്ഞാതഭൂഖണ്ഡത്തെ പുറത്തെടുക്കാൻ
പ്രയത്നിക്കുകയാണ്. ഒരു വാതിൽ തുറക്കുകയാണ് ,ഉള്ളിലെ ദുരൂഹമേഖലകളിലേക്ക്.
അത് വൈകാരികവും ദാർശനികവും സൗന്ദര്യപരവുമായ ഒരു കുഴിച്ചെടുക്കലാണ്.
ദുരൂഹമായ അനുഭവങ്ങൾ
എല്ലാവർക്കും
ബോധ്യമുള്ള ഒരു കാര്യം എഴുതുമ്പോൾ വസ്തുനിഷ്ഠതയുടെ ആനുകൂല്യം
മാത്രമേയുള്ളൂ. കഥ വസ്തുനിഷ്ഠതയല്ല ; വ്യക്തിനിഷ്ഠതയുമല്ല. വ്യക്തി -
വസ്തുനിഷ്ഠതകളെ ലംഘിച്ചുകൊണ്ട് സാഹസികവും ഭ്രമാത്മകവുമായി
സഞ്ചരിക്കുകയാണ്; നിഷ്കളങ്കവുമാണത്. കാഫ്കയുടെ
‘മെറ്റാമോർഫോസിസ്’(രൂപാന്തരം) ഉദാഹരണം. മനുഷ്യൻ വെറും യുക്തിയുടെ
,പ്രായോഗികതയുടെ ഒരു ഉപകരണം മാത്രമല്ല. അവൻ സ്വപ്നത്തിലും ഭോഷ്കിലും
ഭ്രമത്തിലും അസംബന്ധത്തിലും വികാരങ്ങളിലും ജീവിക്കുന്നു. ഇതിലൊന്നിലും
പെടാതെ അജ്ഞാതമായും അവൻ സഞ്ചരിക്കുന്നു. അവനുപോലും വ്യക്തമല്ലാത്ത,
സന്ദിഗ്ദ്ധമായ അവസ്ഥകളുമുണ്ട്. അതുകൊണ്ട് കഥ എല്ലാവർക്കും ബോധ്യമുള്ളത്
മാത്രം എഴുതിനിറയ്ക്കാനുതല്ല; മറഞ്ഞിരിക്കുന്ന യഥാർത്ഥ്യത്തെക്കുറിച്ചുള്ള
ആധി , ഏകാന്തമായ ഭയവിഹ്വലതകൾ, വിഭ്രമിപ്പിക്കുന്ന ജീവിതാവസ്ഥകൾ, ദുരൂഹമായ
അനുഭവങ്ങൾ തുടങ്ങിയവയെല്ലാം കഥയെയും നിയന്ത്രിക്കുന്നുണ്ട്. കഥാകൃത്തെന്ന
നിലയിലുള്ള ഒരാന്തരിക ഭ്രമലോകത്തെ കൊണ്ടുനടക്കുന്ന അയാൾ അതിനെ അറിയാനാണ്
ശ്രമിക്കുന്നത്.അതുകൊണ്ടാണ് കഥ യാഥാർത്ഥ്യമല്ല എന്ന് പറയേണ്ടി വരുന്നത്.
യാഥാർത്ഥ്യം
ഒരു പരിഭാഷ മാത്രമാണ്; അതിനെ ഒരാൾ ഏതു കോണിൽ നിന്നു നോക്കുന്നു
എന്നിടത്താണ് ഭാവന പ്രവർത്തനമാരംഭിക്കുന്നത്. അങ്ങനെയത് പുതിയ
യാഥാർത്ഥ്യമായി രൂപാന്തരപ്പെടുന്നു; ഉപരിപ്ളവയാഥാർത്ഥ്യമല്ല.
മനുഷ്യാവസ്ഥയെപ്പറ്റിയുള്ള നിഗൂഢ ലാവണ്യദർശനം എന്ന നിലയിലാണ് യാഥാർത്ഥ്യം
അവിടെ സൃഷ്ടിക്കപ്പെടുന്നത്. അങ്ങനെ ഫിക്ഷ്ൻ യാഥാർത്ഥ്യത്തെ
ഉപേക്ഷിച്ച് മറ്റൊന്നാകുന്നു.
ഫിക്ഷ്ൻ
എന്ന വാക്കിൽ തന്നെ അത് യഥാർത്ഥമല്ലെന്നും മനുഷ്യൻ
സൃഷ്ടിക്കുന്നതാണെന്നന്നും സൂചിതമാവുന്നുണ്ട്. കല്പിത വാസ്തവികതയാണത്.
അതിൻ്റെ ആഖ്യാനമാണ് കൃതിയിലെ ലിഖിത യാഥാർത്ഥ്യം(Textual Reality).
ഇതാകട്ടെ എഴുത്തുകാരൻ്റെ മനോനിലയനുസരിച്ചാണ് ഉണ്ടാകുന്നത്. അയാൾ
ജീവിതത്തിൻ്റെ ബദൽ അല്ലെങ്കിൽ ,സമാന്തരലോകം നിർമ്മിക്കുന്നു.
ആഖ്യാനയാഥാർത്ഥ്യം എഴുത്തുകാരൻ നിർമ്മിക്കുന്നതാണെങ്കിലും, അത്
വായനക്കാരൻ്റേതു മാത്രമാണ്. കാരണം, ഒരാൾ എഴുതിയത് അതേ നിലയിൽ ആരും
ഉൾക്കൊള്ളണമെന്നില്ലല്ലോ. എഴുതുന്നയാളിൻ്റെ മനസ്സിലെ താളക്രമങ്ങൾ
വായനക്കാരൻ ഗൗനിക്കണമെന്നില്ല. വായനക്കാരൻ മറ്റൊരു തരത്തിലാണ്
സമീപിക്കുന്നത്. അപ്പോൾ ആഖ്യാനയാഥാർത്ഥ്യം മാറുകയാണ്. പലതായി പിരിയുകയാണ്;
അർത്ഥങ്ങളുടെ ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ്. ഭാഷയുടെ ടോൺ, വാക്കുകളുടെ
തിരഞ്ഞെടുപ്പ് ,സംഗീതാത്മകത എന്നിവയെല്ലാം ആഖ്യാന യാഥാർത്ഥ്യത്തെ
അതീതമാക്കുന്നു. ഇതിലൂടെ വിഭിന്നങ്ങളായ അർത്ഥങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും
അവസരമൊരുക്കുകയാണ്. എഴുതുമ്പോൾ നമുക്ക് മുൻ മാതൃകകളില്ല .അതാണ് എഴുത്തിലെ
ഏകാന്തത .പുതിയ പാഠം നിർമ്മിക്കാൻ അയാൾ വിധിക്കപ്പെടുന്നു. കാഫ്കയുടെ
‘മെറ്റാമോർഫോസിസ്’ പിറക്കുന്നത് ഒരു മാതൃകയില്ലാതെയാണ് . അതുകൊണ്ട് ആ
കൃതിയിലെ ആഖ്യാനയാഥാർത്ഥ്യം കാഫ്കയുടെ കണ്ടുപിടിത്തമാണ്. അതിനെ അന്തിമമായി
വ്യാഖ്യാനിക്കാനാവില്ലെങ്കിൽ പോലും.
കല്പിത കഥ ഒരു അദൃശ്യനദി
കല്പിത
കഥ പുറംലോകത്ത് കാണാനൊക്കില്ല. അത് ജീവിതത്തിനടിയിൽ ഒഴുകുന്നുണ്ട്; ഒരു
അദൃശ്യനദി പോലെ. അതിൽ ഭ്രമമാണുള്ളത്. അതിനെക്കുറിച്ചുള്ള വെളിപാടുകളാണ്
ഒരാൾ എഴുതുന്നത്.ഈ ഒഴുക്കിൻ്റെ സമ്മർദ്ദം താങ്ങിയാണ് എഴുത്തുകാരൻ
നടക്കുന്നത്. സമ്മർദ്ദത്തിൻ്റെ ആക്കം വ്യത്യാസപ്പെടുന്നതിനനുസരിച്ച് അയാൾ
പലതരം ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്നു; അയാൾ അസന്തുലിതവും അലങ്കോലവുമായ
അവസ്ഥയായി മാറാം; അന്തർമുഖനാകാം.
സാങ്കല്പിക
കഥയ്ക്കു വേണ്ടി ഒരാൾ പ്രത്യേകം ജനിക്കുന്നില്ല ;ഉള്ളിലെ
സൗന്ദര്യപ്രശ്നങ്ങളുടെ തിരയേറ്റത്താൽ മറ്റൊരു അസ്തിത്വവിതാനത്തിലേക്ക്
എടുത്തെറിയപ്പെടുകയാണ്. ഉന്മാദത്തിൻ്റെ അപായകരമായ ഒരു
കയറ്റമാണത്;കുത്തനെയുള്ള ഭിത്തിയിൽ ഇഴഞ്ഞു കയറുന്നപോലെ. എന്തിനാണ് അയാൾ
തനിക്ക് അപ്രാപ്യവും തൻ്റെ പ്രകൃതിക്ക് വന്യവുമായ ഒരു പാത
തിരഞ്ഞെടുത്തിരിക്കുന്നത്? .അയാളുടെ പരിചിതവും അർത്ഥരഹിതവുമായ
പറന്തോടിനുള്ളിൽ ഒരിക്കലും സ്പർശിക്കപ്പെടാതെ അവശേഷിക്കുന്ന
വിശേഷജീവിതസത്യങ്ങൾ പ്രധാനമാണ്. അതാണ് അയാളെ ജീവിപ്പിക്കുന്നത്. ഭാഷയെ
പൂർണമായി ആശ്രയിക്കാനാഗ്രഹിക്കുന്നില്ല. കാരണം, ഭാഷ സാമ്പ്രദായികത്വമാണ്;
അതൊരു വിദ്യാഭ്യാസവ്യവസ്ഥയാണ്. നിശിതമായ ഒരു സ്കൂളിംഗ് ഭാഷയിൽ
എപ്പോഴുമുണ്ട്. അതുകൊണ്ട് എഴുത്തുകാരനു ആന്തരികമതിഭ്രമങ്ങളുടെയും
ശരിതെറ്റുകളുടെയും ആശങ്കകളുടെയും അലങ്കോലങ്ങളുടെയും ടോൺ ആവിഷ്കരിക്കാൻ ഈ
ഭാഷ അപര്യാപ്തമായി മാറാം.
പലരും ഉപയോഗിച്ച്
ക്രമപ്പെടുത്തിയ ഭാഷയിൽ ,പലരും നശിപ്പിച്ച , ആവർത്തിക്കപ്പെട്ട
പ്രയോഗങ്ങളിൽ ഒരാൾ എങ്ങനെ സ്വന്തം ദുരൂഹമായ കാഴ്ചാനുഭവങ്ങളെ
ആവിഷ്കരിക്കും.? അയാൾക്കുപോലും സന്ദേഹമുള്ള പ്രശ്നങ്ങളെ എങ്ങനെ സമീപിക്കും?
അതുകൊണ്ടു ഭാഷയിൽ പരീക്ഷണം ആവശ്യമായി വരും.എന്നാൽ ബോധപൂർവമായ
പെരുമാറ്റമാവാനും പാടില്ല. വിചാരങ്ങളുടെയും വികാരങ്ങളുടെയും
ആവശ്യത്തിനൊത്ത് ഭാഷയ്ക്ക് രൂപമാറ്റം സംഭവിക്കുന്നു. ഭാഷ അതിൻ്റെ
ആവശ്യത്തിനു വീർക്കുകയും ചുരുങ്ങുകയും ചെയ്യുകയാണ്. ഭാഷയ്ക്ക് ജീവനാണ്
പകരുന്നത്; വസ്തുതകളല്ല. വെറും വസ്തുതകൾ മാത്രമായാൽ ഭാഷ ചത്ത
പെരുമ്പാമ്പിനെപ്പോലെ കിടക്കും.എന്നാൽ ജീവൻ നല്കുമ്പോൾ ഭാഷയിൽ ഒരാൾക്ക്
സ്വയം ഒളിപ്പിക്കാനാവും. ഭാഷ ഒരു കൂടാണ്, വീടാണ് ,പരിസ്ഥിതിയാണ് ,
പ്രകൃതിയാണ്, ആത്മാവാണ്, പുരാണമാണ്, ഭൂതകാലമാണ്, വർത്തമാനമാണ്, ഭാവിയാണ്,
ഓർമ്മയാണ്, പുനർജനിയാണ്, വേദാന്തമാണ്, തത്ത്വചിന്തയാണ് , രതിയാണ്,
ആകാശമുൾപ്പെടുന്ന പഞ്ചഭൂതമാണ് ,ദൈവമാണ്, ദൈവികേതരമാണ് ,ദൈവത്തിൻ്റെ
അസംസ്കൃതവസ്തുക്കളാണ് , നിറങ്ങളാണ്, പുരാതനത്വമാണ്, നവീനതയാണ്, മതമാണ്,
മനുഷ്യനാണ് …. ഈ അറിവിൽ ഒരാൾ എഴുതുമ്പോഴാണ് ഭാഷ ജീവിതമാകുന്നത് .ഇങ്ങനെയാണ്
സവിശേഷമായ യാഥാർത്ഥ്യം ഉണ്ടാകുന്നത്. ഇത് നമ്മൾ യാഥാർത്ഥ്യമെന്ന്
വിവക്ഷിക്കുന്ന അവസ്ഥയല്ല; അതിനുമപ്പുറമാണ്.
ഇത് സവിശേഷമായ വൈയക്തികതലത്തെ ഒരു വ്യാജപരിപ്രേക്ഷ്യത്തിലേക്ക് മാറ്റുകയാണ്.
സ്വപ്നലോകം
ഇവിടെ
യാഥാർത്ഥ്യം എന്ന് പ്രയോഗിക്കുന്നത് സംവേദനപ്രധാനമായ ഒരനുഭവമണ്ഡലം എന്ന
അർത്ഥത്തിലാണ്. യാഥാർത്ഥ്യമല്ലെന്നിരിക്കെ ,അതിലെ ആഖ്യാനം
വ്യാജമാകുന്നതിൻ്റെ പ്രസക്തിയെന്താണ്? കഥ സ്വപ്നലോകമാണ്. സ്വപ്നത്തിൽ
പലതും യുക്തിക്കനുസരിച്ചല്ല പ്രത്യക്ഷമാകുന്നത്. യുക്തി അവിടെ
ഉപരിതലത്തിലില്ല .എന്നാൽ സ്വപ്നത്തിൽ വിഭ്രാമകയുക്തിയാണുള്ളത്. അത്
പുറത്തെവിടെയെങ്കിലും പരിഹരിക്കാവുന്ന വിഷയമല്ല. ഇതു തന്നെയാണ്
വ്യാജയാഥാർത്ഥ്യത്തിൻ്റെ നിർമ്മിതിയിലുമുള്ളത്. അത് സാഹിത്യകൃതിക്ക്
വെളിയിലുള്ള സമസ്യയല്ല. എന്നാൽ എഴുത്തുകാരൻ്റെ ആന്തരികാവസ്ഥയുടെ സമസ്യയാണ്
.അത് വ്യവഹാരജീവിതമല്ല; സ്വപ്നംപോലെ ആകസ്മികമായി സംഭവിക്കുന്ന അവസ്ഥയുടെ
കപ്പൽച്ചേതമാണ്.നേരിട്ട് കണ്ടതോ ,നേരത്തെ അറിവുള്ളതോ അല്ല. ഇതാണ് ഞാൻ
‘ജലഛായ’ , ‘ശ്രീനാരായണായ’,’വാൻഗോഗിന് ‘ എന്നീ നോവലുകളിൽ അവതരിപ്പിച്ചത്.
അതെന്നിലെ അറിയപ്പെടാത്ത ഭൂഖണ്ഡമാണ്. അവിടെ കേവലയുക്തികളില്ല; ആപേക്ഷിക
യുക്തികളേയുള്ളു. ഭാഷയിൽ ഉരുത്തിരിയുന്ന ഒരു അപര ജൈവലോകമാണത്. ആഖ്യാനം
കഥയായി നിലനിൽക്കെത്തന്നെ അതിനുള്ളിൽ മറ്റൊരു കല്പിത കഥ ആലോചിക്കുകയാണ്
ചെയ്തത്. കഥയ്ക്കുള്ളിലാണ് ഈ വ്യാജയാഥാർത്ഥ്യം നിലകൊള്ളുന്നത്. യാഥാർത്ഥ്യം
വ്യാജമാണെന്ന അറിവ് ഇതിന് പിന്നിലുണ്ട്. യാഥാർത്ഥ്യത്തെ ക്കുറിച്ചുള്ള
ചിന്തയും വിമർശനവും അതിനെ മറ്റൊന്നാക്കുന്നു
രജതരേഖകൾ
1)പണം
ഇന്ന്
പണം സംസ്കാരമാണ്; അല്ലെങ്കിൽ സംസ്കാരത്തിന്റെ വിഭവമാണ്. പണമുള്ളവനു
മാത്രമേ ഇവിടെ കവിയാകാനും കഥാകൃത്താ വാനും കഴിയൂ. പുസ്തകങ്ങൾ
പ്രസിദ്ധീകരിക്കാനും ഗ്രൂപ്പുണ്ടാക്കാനും സാഹിത്യോത്സവം നടത്താനും പണമാണ്
പ്രധാനം .പണമുള്ളവനാണ് സാംസ്കാരിക ബുദ്ധിജീവി. ഏതെങ്കിലും നല്ല നാലുവരി
എഴുതിയാൽ അതിനെ അഭിനന്ദിക്കുന്നവർ രാഷ്ട്രീയ രംഗത്തോ സാമൂഹ്യരംഗത്തോ ഇല്ല
എന്നത് അതിശയിപ്പിക്കുന്നില്ല.
2)പി.ആർ വർക്ക്
ചില
കവികളെങ്കിലും ,എറണാകുളം, തിരുവനന്തപുരം, തൃശൂർ നഗരങ്ങൾ കേന്ദ്രീകരിച്ച്
മുതിർന്ന കവികളുടെ പബ്ളിക് റിലേഷൻ വർക്ക് ചെയ്യുകയാണ്! മുതിർന്ന കവിയെ
ഇൻറർവ്യൂ ചെയ്യുക ,അവരുടെ പുസ്തകപ്രകാശനം നടത്തിക്കൊടുക്കുക, അവർക്ക്
വേണ്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റിടുക, അവരുടെ വീടുകൾ നിരന്തരം സന്ദർശിച്ച്
ഉപദേശം സ്വീകരിക്കുക, അവരെ പ്രധാനികളായി സ്ഥാപിച്ചുകൊണ്ട് സമ്മേളനം നടത്തുക
തുടങ്ങിയ പബ്ലിക് റിലേഷൻ പ്രവർത്തനങ്ങളാണ് ഈ യുവ എഴുത്തുകാർ
ഏറ്റെടുത്തിരിക്കുന്നത്. ഇത് ആശയമില്ലാത്തവരുടെയും
അഭിപ്രായമില്ലാത്തവരുടെയും അവസാനത്തെ അടവായി കാണുക.
3)പ്രണയം
ഇന്ന്
പ്രണയമില്ലാത്തതുകൊണ്ട് പ്രണയകവിതയുമില്ല. ഇന്നത്തെ പ്രണയകവിതകൾ വൃഥാ
അഭിനിവേശത്തിൻ്റെ വയറിളക്കം മാത്രമാണ്. അതിൽ ആത്മാർത്ഥതയോ മനസോ ഇല്ല.
4)രംഗനാഥാനന്ദ സ്വാമി
ഇന്ത്യയുടെ
മഹാപണ്ഡിതന്മാരിൽ ഒരാളായ രംഗനാഥാനന്ദ സ്വാമി നിശ്ശബ്ദതയെക്കുറിച്ച് ഇങ്ങനെ
സംസാരിച്ചു:'നമ്മൾ ആരാധനാലയത്തിലും ജോലിസ്ഥലത്തും നിശബ്ദമായി ധ്യാനിക്കാൻ
പഠിക്കണം. ഇങ്ങനെ സമാഹരിക്കുന്ന ഊർജ്ജം നമുക്ക് കൂടുതൽ വികാരത്തെ
ഉൾക്കൊള്ളാനും ഫലപ്രദമായി കൂടുതൽ സേവനം ചെയ്യാനും സഹായിക്കും.'
5)സി.അനൂപ്
സി.അനൂപ്
എഴുതിയ 'റിൽക്കെയുടെ വീട്'(പ്രസാധകൻ ,ജൂലായ്) സൗഹൃദത്തിലും ലഹരിയിലും
സംഗീതത്തിലും കവിതയിലും കൂട്ടുകെട്ടിലും ഒളിച്ചു താമസിച്ച ഒരു തലമുറയെ
അടുത്തു നിന്നു കാണാൻ സഹായിച്ചു.കഥാകൃത്ത് ഉൾപ്പെട്ട തലമുറയുടെ നഷ്ടപ്പെട്ട
മൗനനൊമ്പരങ്ങൾ ഈ കഥയിലൂടെ ഉയിർകൊള്ളുകയാണ്. ഡാനി എന്ന യുവാവിന്റെ കഫെയും
അയാളുടെ റിൽക്കെ ഹൗസ് എന്ന വീടുമാണ് പശ്ചാത്തലം .അവിടെ ഒരു കാലത്തെ
ആവാഹിക്കുകയാണ് കഥാകൃത്ത്. അയാൾ ഇങ്ങനെ പറയുന്നു:'എത്ര ശ്രമിച്ചാലും ചില
ഓർമ്മകൾ കടന്നുവന്ന് മുരണ്ട് ചുറ്റും വലം വയ്ക്കും. പ്രത്യേകിച്ച്
രാത്രികാലങ്ങളിൽ മഞ്ഞുകാല രാത്രികളെ ഓർമ്മകളുടെ ഞണ്ട് എന്നാണ് ഡാനി
വിശേഷിപ്പിക്കാറുള്ളത്.'
6)കേശവദേവ്
പ്രതിഷേധിക്കാൻ ഇന്ന് മഹാസാഹിത്യകാരനായ കേശവദേവി ല്ല.അതുകൊണ്ട് കേശവദേവിനെ എത്ര പ്രകോപിപ്പിച്ചാലും അദ്ദേഹം ഒന്നും മിണ്ടുകയില്ല.
7)സി.ജെ.തോമസ്
സ്വതത്രചിന്തകനും
നാടകകൃത്തുമായിരുന്ന സി.ജെ.തോമസിൻ്റെ പിന്തുടർച്ചക്കാരായി ആരും തന്നെ
ഉണ്ടായില്ല.ഭൂരിപക്ഷം എഴുത്തുകാരും അധികാരമുള്ള പാർട്ടിക്കൊപ്പം നിന്ന്
വിജയിച്ച ഭാവം അഭിനയിച്ചു തീർക്കുകയാണ്.
8)അഭിരുചി
വായനയിൽ
അഭിരുചിക്കാണ് പ്രാധാന്യം. കൈയിൽ കിട്ടുന്നതെന്തും വായിക്കുന്നതും ഏതു
പുസ്തകവും ആസ്വദിക്കുന്നതും വായനയുടെ മഹത്തായ ലക്ഷ്യമായി കാണാനാവില്ല.
അങ്ങനെയുള്ള വായന ആസ്വാദനത്തിനും എഴുത്തിനും എതിരായി പ്രവർത്തിച്ച്
സാഹിത്യത്തിൻ്റെ ഉന്നതമായ അഭിരുചിയെ നശിപ്പിക്കുകയാണ് ചെയ്യുന്നത് .
9)ആൽബേർ കമ്യൂ
ജീവിതത്തിൽ
അർത്ഥശൂന്യത തോന്നുന്ന നിമിഷത്തിൽ മൂന്നു കാര്യങ്ങൾ പ്രധാനമാണെന്ന്
പ്രമുഖ ഫ്രഞ്ച് സാഹിത്യകാരനായ ആൽബർ കാമ്യ പറഞ്ഞു :ഒന്ന്, എതിരിടൽ. രണ്ട്
,സ്വാതന്ത്ര്യം. മൂന്ന്, അഭിനിവേശം. ഇത് മൂന്നും ജീവിതത്തിന്
അർത്ഥമുണ്ടാക്കും. അർത്ഥശൂന്യമായ ചുറ്റുപാടിൽ സ്വയം അവസാനിപ്പിക്കരുത്.
അവിടെ നിന്ന് അതിനെതിരെ പോരാടണം. അങ്ങനെ അർത്ഥമുണ്ടാക്കണം.
10)ഡോ. എം.ലീലാവതി
വിമർശനത്തിന്
മൗനമോ മരണമോ ഇല്ലെന്ന് പ്രഖ്യാപിക്കുന്നതാണ് ഡോ. എം. ലീലാവതി ടീച്ചറുടെ
അനുസ്യൂതമായ ചിന്തകൾ. ടീച്ചർ സാഹിത്യസംസ്കാരത്തിന്റെ പുരാതനത്വത്തെയും
നവീനതയെയും ഒരേപോലെ ഉൾക്കൊള്ളുന്നു.
11)ജോസ് പ്രകാശ്
അറുപതുകളിലും
എഴുപതുകളിലും ജോസ് പ്രകാശ് എന്ന വില്ലൻ നടൻ ഒരു ആശ്വാസമായിരുന്നു.
അബദ്ധങ്ങൾക്ക് ഒത്താശ ചെയ്തും തെറ്റുകൾ ആവർത്തിച്ചും ആ കഥാപാത്രം ഒടുവിൽ
സ്വയം തകർന്നു വീഴുമെന്ന് പ്രേക്ഷകർക്ക് ഉറച്ചു വിശ്വസിക്കാമായിരുന്നു.
ജോസ് പ്രകാശിൻ്റെ വേഷങ്ങൾക്ക് കാപട്യമില്ലായിരുന്നു. അത് സ്വയം
വെളിവാക്കുന്നു; സ്വയം ജീവിക്കുന്നു - നല്ല കഥാപാത്രമായി ഒരിക്കലും
നടിക്കുന്നില്ല.
12)മാർക് ട്വെയ്ൻ
ഒരു
ശരാശരി സ്ത്രീക്ക് ബുദ്ധിശക്തിയേക്കാൾ കൂടുതൽ സൗന്ദര്യമാണുണ്ടാവുക;
എന്തുകൊണ്ടെന്നാൽ, ഒരു ശരാശരി പുരുഷന് ചിന്താശേഷിയെക്കാൾ, കൂടുതൽ കാണാനുള്ള
കഴിവാണുണ്ടാവുക' - അമെരിക്കൻ ഹാസ സാഹിത്യകാരനായ മാർക് ട്വെയ്ൻ പറഞ്ഞു.
new literature ideas, critical opinion, freedom, m k harikumar,

No comments:
Post a Comment