Friday, August 21, 2026

അക്ഷരജാലകം /എം.കെ. ഹരികുമാർ /കഥാര്‍സിസ്‌ ചിന്തകൾ





മനുഷ്യർക്ക് കഠിനമായ വികാരങ്ങളുണ്ട്. അത് ഭാരമായി  കൊണ്ടുനടക്കുന്നവരാണ് അധികവും. മനസിനെ മഥിക്കുന്ന ഭയവും വിഷാദവും ഒഴിയാബാധ പോലെ പിന്തുടർന്നേക്കാം. ചിലരെ ഒരു പ്രായം കഴിയുന്നതോടെ ഓർമ്മകൾ ആക്രമിക്കും.ബാല്യ ,കൗമാര, യൗവ്വനകാലത്തെ ഓർമ്മകൾ വന്ന് ശ്വാസം മുട്ടിക്കും. മനസ്സിലെ മഥനം നിമിത്തം ചിരിക്കാൻ മറന്നവരുണ്ട്. അവരോട് സഹതാപത്തോടെയും സ്നേഹത്തോടെയും സംസാരിച്ചാലും അവർ പരുക്കനായി പെരുമാറും. അവർക്ക് തങ്ങളെ വലിഞ്ഞുമുറുക്കിയിരിക്കുന്ന അസുഖകരമായ ചിന്തകളിൽ നിന്ന്  വിമോചനം സാധ്യമാകുന്നില്ല. ഇവിടെയാണ് കഥാർസിസ് പ്രസക്തമാകുന്നത് .
കഥാർസിസ് എന്നത് ഒരു ഗ്രീക്ക് പദമാണ്. ശുദ്ധീകരണം എന്ന് അർത്ഥം പറയാം. മനസ്സിൽ കാലങ്ങളായി തളംകെട്ടി കിടക്കുന്ന വികാരങ്ങൾ പുറത്തേക്ക് പോകുന്നത് ആശ്വാസമാണ്. അടിഞ്ഞുകൂടിയ വികാരങ്ങൾ പ്രകടിപ്പിക്കാൻ അവസരമുണ്ടായാൽ ശുദ്ധീകരണം എളുപ്പമായി. അതുകൊണ്ടാണ് കഥാർസിസിനെ ഗ്രീക്ക് തത്വജ്ഞാനിയായ അരിസ്റ്റോട്ടിൽ ദുരന്തനാടകവുമായി ബന്ധിപ്പിച്ചത്. നാടകത്തിലെ ദുരന്തം കാണുന്നതോടെ പ്രേക്ഷകനിൽ ഒരു പരിവർത്തനമുണ്ടാകുന്നു. അവനിൽ കെട്ടിക്കിടക്കുന്ന ദു:ഖവും ഭയവും സമ്മർദ്ദവും പുറത്തു പോകാനിടയാക്കുന്നു. ഒരു ശുദ്ധീകരണ പ്രക്രിയയാണ് അവിടെ സംഭവിക്കുന്നത്. അവൻ്റെ അമർഷം പതഞ്ഞ് പുറത്തുവരുന്നു .

സംഘർഷം ലഘൂകരിക്കാൻ 

പല വികാരങ്ങളും പുറത്തു പ്രകടിപ്പിക്കാനാവാതെ ഉള്ളിൽ സംഭരിച്ചുവയ്ക്കുന്നവരുണ്ട് .അവരുടെ വികാരവിമലീകരണം സാധ്യമാവുന്നത്  സാഹിത്യകൃതികൾ വായിക്കുമ്പോഴോ , സിനിമയോ നാടകമോ കാണുമ്പോഴോ ആയിരിക്കും. അവർ വായിക്കുമ്പോൾ  അനുഭവിക്കുന്ന മാനസികവിഷമങ്ങൾ തങ്ങളുടെയുള്ളിലെ സംഘർഷം ലഘൂകരിക്കാൻ സഹായിക്കുന്നു. ഒരു സർഗാത്മകകലാകാരൻ പരിധിവിട്ട് മാനസിക സംഘർഷത്തിലേക്ക് വീഴാനുള്ള സാധ്യത ഏറെയാണ്. എന്നാൽ എഴുതുമ്പോഴോ വരയ്ക്കുമ്പോഴോ അതിന് ആശ്വാസം ലഭിക്കുന്നു. ഉള്ളിൽ സംഭരിച്ചുവച്ചിരിക്കുന്ന വികാരങ്ങളും  ആശയപരമായ ആഘാതവും ഒഴിഞ്ഞുപോകാൻ കിട്ടുന്ന അവസരമായി രചനാപ്രക്രിയയെ  കാണാവുന്നതാണ്.

സാധാരണ ജീവിതത്തിലും കഥാർസിസ് വേണം. മാനസികോർജം അല്ലെങ്കിൽ നവീകരണം, ഉന്മേഷം, ഉത്തേജനം ഉണ്ടാകാൻ കഥാർസിസ് അനിവാര്യമാണ്. കഥാർസിസ് നേടാൻ കരയുകയോ സിനിമ കാണുകയോ വേണമെന്നില്ല. അനുദിന ജീവിതത്തിൽ അതിനെക്കുറിച്ച് അവബോധം ഉണ്ടായാൽ മതി .നാം ഇരുട്ടിനെയാണോ പ്രകാശത്തെയാണോ തേടേണ്ടതെന്ന ഉറച്ചതും വ്യക്തവുമായ അറിവാണ് കതാർസിസിന് ആവശ്യമായിട്ടുള്ളത്. ജോലി ചെയ്ത് വല്ലാതെ മുഷിഞ്ഞിരിക്കുന്ന ഡോക്ടർക്ക് കഥാർസിസ് കിട്ടാൻ അഞ്ച് മിനിറ്റ് നേരത്തെ ബ്രേക്കു മതി .ഇരുപത്തഞ്ച് രോഗികളെ നോക്കി കഴിയുമ്പോൾ ഒരു മടുപ്പുണ്ടാകാം. ഒരേ വികാരം തന്നെ മനസ്സിൽ അടിഞ്ഞുകൂടി ഭാരം സൃഷ്ടിക്കാം. അതിൽ നിന്ന് രക്ഷപ്പെടാൻ പുറത്തിറങ്ങി വരാന്തയിലൂടെ ഒന്ന് നടക്കുകയോ  ഒരു ചായ കുടിക്കുകയോ ചെയ്താൽ മതി. അല്ലെങ്കിൽ ഒരു സന്ദേശത്തിന് വേണ്ടി മൊബൈലിൽ ആരോടെങ്കിലും ചാറ്റ് ചെയ്യാം. ഒരു റിങ്ടോൺ, ഒരു പദ്യശകലം, ഒരു സിനിമാപോസ്റ്റർ, ഒരു ഷോർട്ട് റീൽ എന്നിവയിലൂടെ കടന്നുപോയാൽ ശുദ്ധീകരണമായി. ഇതിന് വേണ്ടതായ സമയം പരമാവധി അഞ്ചുമിനിട്ടാണ്. 

ഓരോ വ്യക്തിക്കും ഈ മാറ്റം ആവശ്യമാണ്. സമ്മർദ്ദമുണ്ടാക്കുന്ന തൊഴിലുകളാണ് ഇന്നത്തെ പ്രത്യേകത. തൊഴിലിൽ അനിശ്ചിതമായ ചലനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. അതിനോട് മല്ലിട്ട് മനസ് ഒറ്റയടിപ്പാതയിൽ പെട്ടുപോകുന്നത് സ്വാഭാവികമാണ് .ദീർഘകാലം ഇതേ രീതിയിൽ ജോലിചെയ്യുന്ന ഒരാളുടെ മനസ്സിൽ നിന്ന് പഴയകാല സുഹൃത്തുക്കളോ ബന്ധുക്കളോ ഓർമ്മകളോ ഇറങ്ങിപ്പോകാൻ സാധ്യതയുണ്ട്.പതിറ്റാണ്ടുകൾക്ക് മുമ്പ് സ്ത്രീപുരുഷ ഭേദമെന്യേ മലയാളികൾ ശീലമാക്കിയിട്ടുള്ള വെറ്റിലമുറുക്ക് കഥാർസിസ് ആയിരുന്നു. ജീവിതസന്ദർഭങ്ങളെ അനായാസമായി നേരിടാൻ ഒന്നു മുറുക്കുന്നതിലൂടെ കഴിയുമായിരുന്നു. ഒരു മുറുക്കിത്തുപ്പിൽ വിരസതയും ആത്മനിന്ദയും പുറത്തേക്ക് തെറിച്ചുപോകും.

ശുദ്ധീകരിക്കാൻ 

പ്രായമാകുന്നത്‌ ശാരീരത്തിൻ്റെ വിധിയാണ്‌;മാനസികമായ വിധിയല്ല. എല്ലാവര്‍ക്കും ഒരേ സമയം പ്രായമാകുന്നില്ല.ചിലര്‍ ചെറുപ്പം മുതലേ പ്രായത്തെ തേടിപ്പോകുന്നു. അവര്‍ കൗമാരം എത്തുന്നതോടെ പ്രായത്തോട്‌ കൂടുതല്‍ പക്ഷപാതിയാകുന്നു. അവരുടെ നോട്ടം ,ചലനം, വിശ്രമവേളകളിലുള്ള ഇടപഴകല്‍ എല്ലാം പ്രായത്തോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനു വേണ്ടിയാണെന്നു
തോന്നും. അടുത്തു കഴിഞ്ഞിരുന്നവരോട്‌ ,ഉറ്റമിത്രങ്ങളോട്‌ ,അവര്‍ പ്രായത്തിന്‍റെ ‘മാനിഫെസ്റ്റോ ‘പ്രഖ്യാപിക്കും. ഇവിടെ വയസ്സാവുകയെന്നത്‌ വിധിയായി തീരുന്നു. എന്നാല്‍ പ്രായത്തെ ഭയപ്പെട്ടും അകറ്റിയും ജീവിക്കാം. ജീവന്‌ ഇത്‌ കുറച്ചൊക്കെ ആവശ്യമാണ്‌.ചില സംവേദനങ്ങള്‍ ചെറുപ്പത്തില്‍
ഉദിച്ച്‌ അസ്തമിക്കുന്നുണ്ട്‌. പിന്നീട്‌ നമുക്കവയെ കാണാനാകുന്നില്ല. അവയെ സൂക്ഷ്മതയോടെ നിലനിര്‍ത്താനാവശ്യമായ തടങ്ങള്‍ കണ്ടുപിടിക്കുന്ന
പ്രക്രിയയാണ്‌ കഥാര്‍സിസ്‌. പലരും പറയും ജീവിതത്തില്‍ യുവത്വം നിലനിര്‍ത്തണമെന്ന്‌ .എന്നാൽ  ജീവിതത്തില്‍ വേണ്ടത്‌
ബാല്യമാണ്‌. ബാല്യത്തിനു മാത്രമുള്ള വിമലീകരിക്കപ്പെട്ട സങ്കല്പങ്ങളും ആഗ്രഹങ്ങളുമുണ്ട്‌. ചില പിണക്കങ്ങള്‍ നമ്മെ ശുദ്ധീകരിക്കും. ഇതും കഥാർസിസാണ്‌. അരിസ്റ്റോട്ടില്‍ പറഞ്ഞ കഥാർസിസ്‌ വിമോചനാത്മക ശുദ്ധിയാണ്‌.മനുഷ്യന്‌ വൈകാരികമായ ഒരു ട്വിസ്റ്റ്‌ വേണം.നാടകങ്ങളിലെ കഥാർസിസ്‌ വൈകാരികമായ പുനഃസ്ഥാപനമാണ്‌. നാടകാന്ത്യം പ്രേക്ഷകര്‍ക്ക്‌ സമ്പൂര്‍ണ്ണമായ വൈകാരികോല്‍ക്കര്‍ഷം, നവോന്മേഷം എന്നിവ നല്‍കുന്ന പ്രക്രിയയാണത്‌.

ടെന്‍ഷന്‍, മുഷിപ്പ്‌ എന്നിവ മറികടക്കാന്‍ നമുക്കൊരു
മാര്‍ഗ്ഗം വേണം. അത്‌ ചിലപ്പോള്‍ ഒരു യാത്ര പോകലാകാം ;പാട്ടു കേൾക്കലാകാം.എത്ര ആഹ്ളാദകരമായ കാര്യമായാലും
സദാസമയവും ചെയ്യാനൊക്കില്ല. ഒരു മാറ്റം വേണം. ഉപയോഗിച്ച്‌ മടുത്ത മാനസികനിലയെ തരണം ചെയ്യേണ്ടതുണ്ട്‌. ഈ തരണം ചെയ്യലാണ്‌ കഥാർസിസ്‌. റഷ്യന്‍ എഴുത്തുകാരി നതാലി സാറോട്ട്‌(Nathalie Sarraute)പറഞ്ഞത്‌ എഴുത്തു തന്നെ
ഒരു കഥാര്‍സിസ്‌ എന്നാണ്‌. എഴുതുക എന്നാല്‍ ഒരു പ്രതികരണമാണ്‌. അത്‌ മനസ്സിനെ കെട്ടഴിച്ചുവിടും. വിമോചനം തന്നെയാണത്‌. ഇങ്ങനെയുള്ള കഥാര്‍സിസ്‌ ജീവിതത്തിന്‍റെ ശീലമാക്കാന്‍ ഏതൊരാള്‍ക്കും കഴിയും.തുടര്‍ച്ചയായി ജോലി ചെയ്ത്‌ മനസ്സ്‌ ക്ഷീണിച്ചിരിക്കുന്ന ഒരാള്‍ക്ക്‌
അതില്‍ നിന്ന്‌ രക്ഷപ്പെടാന്‍ എന്തെങ്കിലും വേണം .നല്ല ഓര്‍മ്മകള്‍ പോലും രക്ഷാമാര്‍ഗ്ഗമാണ്‌. മനസ്സ്‌ സ്വയം ഉണ്ടാക്കുന്ന ചില ടെക്‌നിക്കുകളുണ്ട്‌. ഏതൊന്നില്‍ നിന്നും രക്ഷ നേടാന്‍ മനസ്സിനു പ്രത്യേക കഴിവുണ്ട്, സിനിമാടിക്കറ്റിനു വേണ്ടി മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്നവരെ കണ്ടിട്ടുണ്ട്‌. ടിക്കറ്റു കിട്ടി തീയേറ്ററിലെത്തിയാല്‍ അവര്‍ എല്ലാം മറക്കും. ടിക്കറ്റിനു വേണ്ടി ക്യൂ നില്‍ക്കുന്ന സമയത്തും അയാള്‍ അതിജീവിക്കുന്നുണ്ട്‌.തൊട്ടടുത്ത്  നില്‍ക്കുന്നവരെപ്പോലും അയാള്‍ സഹിക്കുന്നത്‌ മനസ്സ്‌ ഒരുക്കുന്ന ടെക്‌നിക്കുകള്‍ മൂലമാണ്‌.

ഭ്രാന്തമാവാതിരിക്കാൻ 

പക്ഷേ മനുഷ്യന്‍ സ്വയം കണ്ടെത്തേണ്ട കഥാര്‍സിസ്‌ ഇതില്‍ നിന്നു ഭിന്നമാണ് .എന്തിനും ഏതിനും മടുപ്പിക്കുന്ന സ്വഭാവമുണ്ട്‌ .ഒരു ടിവി ചാനല്‍ തന്നെ ഒരാള്‍ക്ക്‌ സ്ഥിരമായി  നോക്കിക്കൊണ്ടിരിക്കാനാവില്ല; മാറ്റിക്കൊണ്ടേയിരിക്കുകയെന്നത്‌ മറ്റൊരു വിധിയാണ്‌.
അയാള്‍ ചാനല്‍ മാറ്റിക്കളിക്കുന്നത്‌ മനസ്സിനെ നിലനിർത്താനുള്ള അടവാണ്‌. ചാനല്‍ മാറ്റിയില്ലെങ്കില്‍ ,ഒരേ ദൃശ്യങ്ങള്‍ കണ്ട്‌ നാം തകരും. പല ഭരണാധികാരികൾക്കും അറിയില്ല ശാരീരികമായ പീഡനത്തേക്കള്‍ വലുതാണ്‌ ഒരേ ദൃശ്യങ്ങള്‍ തന്നെ മണിക്കൂറുകള്‍ കാണിക്കുന്നതെന്ന്‌.
ഇതറിഞ്ഞിരുന്നുവെങ്കില്‍ ഗ്വാണ്ടനാമ ജയിലുകളില്‍ വന്‍ പീഡനങ്ങള്‍ക്കു പകരം ടിവി ദൃശ്യങ്ങള്‍ തുടരെ കാണിച്ച്‌ തടവുകാരെ പീഡിപ്പിക്കുമായിരുന്നു.ഒരേ ദൃശ്യങ്ങള്‍ കാണാനായി വിധിച്ചാല്‍ കുറേ കഴിയുമ്പോള്‍ അയാള്‍ എല്ലാ സ്വാഭാവിക ഊര്‍ജ്ജവും നഷ്ടപ്പെട്ട് ഭ്രാന്തനായി മാറും.പ്രണയത്തിനുപോലും മനസ്സിനെ ബോറടിപ്പിക്കാന്‍ കഴിയും.പ്രണയവും ഒരു ഭാരം എടുത്തുവെയ്ക്കലാണ്‌. മറ്റൊരാളുടെ മനസിനെക്കുറിച്ചുള്ള 
അറിവുകളുടെ ,വികാരങ്ങളുടെ, ബോധങ്ങളുടെ ബലാബലമാണത്‌. ഇതില്‍ ഒറ്റപ്പെടലും സംശയവും അസൂയയും വിദ്വേഷവും വന്നുകൊണ്ടിരിക്കും. അതുകൊണ്ട്‌ പ്രണയത്തിനിടയിലും മൗനം അനിവാര്യമായിത്തീരുന്നു.പ്രണയത്തിന്നിടയില്‍
വഴക്ക്‌ ഔഷധമാണ്‌. വേര്‍പിരിയല്‍ അത്യാഹിതത്തിന്‍റെ ഒഴിഞ്ഞുപോക്കാണ്‌. പരസ്പരം വെറുക്കുന്നത്‌ പ്രണയത്തിന്‍റെ കഥാര്‍സിസാണ്‌. ഇതെല്ലാം മനസ്സിനുള്ള  പരിചരണമാണ്. ഇത് പ്രതിജനഭിന്നമാണ്. നാം ശരീരത്തിന്‍റെ മര്‍ദ്ദം ,കൊഴുപ്പ്‌,
പഞ്ചസാര എല്ലാം നോക്കും.  മനസ്സിനോടു ചോദിക്കാതെ ശരീരത്തിനും തന്നിഷ്ടം പ്രവര്‍ത്തിക്കാനറിയാം. ഇത്‌ ശരീരത്തിന്‍റെ കഥാര്‍സിസാണ്.

മനസ്‌ ചലനമില്ലാതെ ജീവിക്കുമ്പോള്‍, അതിന്‍റെ അടഞ്ഞ ലോകത്തെ പരിഷ്കാരങ്ങളും വഴക്കങ്ങളും ശ്വാസം മുട്ടിക്കുമ്പോള്‍ ശരീരം ഏതു വിധേനയും കഥാര്‍സിസിനു ശ്രമിക്കുന്നു. അത്‌ ചിലപ്പോള്‍ രക്തസമ്മര്‍ദ്ദമാകാം,രോഗമാകാം.അതേ സമയം മനസ്സിനെ നാം ഗൗനിക്കുന്നില്ല. മനസ്സിനും ഒരു ജീവിതമുണ്ട്‌;ഒരു ദഹനവ്യവസ്ഥയും ജീവിതക്രമവുമുണ്ട്‌. ഏതു കുരുക്കില്‍ നിന്നും അതിന് യഥേഷ്ടം രക്ഷപ്പെടാനുള്ള സിദ്ധിയുണ്ട്. മനസ്സില്‍ നാം ദീര്‍ഘകാലത്തേക്ക്‌ പല വിഷചിന്തകളും നിക്ഷേപിക്കുന്നു. വിനാശകാരികളായ പദാര്‍ത്ഥങ്ങളടങ്ങിയ
വികാരങ്ങളും ഇഷ്ടങ്ങളും ആഗ്രഹങ്ങളും മനസ്സില്‍ നിശ്ശബ്ദമായി അടിഞ്ഞുകൂടി കിടക്കുന്നുണ്ട്‌. അവയെ ദൂരെയെറിയാൻ ഒരു ശുദ്ധീകരണപ്രക്രിയ മനസ്സിനു കൂടിയേ കഴിയു. ഈ-ക്ളീന്‍സിംഗ്‌ എഫ്ഫെക്റ്റ്‌-മനസ്സിന്‍റെ നിലനില്‍പ്പിന്‌ ആവശ്യമാണ്‌.

ഒരു പ്രശ്നത്തെ ദീര്‍ഘകാലത്തേക്ക്‌ വച്ചു താമസിപ്പിച്ച് സമ്മർദ്ദപ്പെടുന്നതിനേക്കാൾ നല്ലത് അത് ക്രമീകരിച്ച് മനസ്സിനെ പീഡയിൽ നിന്ന് എങ്ങനെ സ്വതന്ത്രമാക്കാമെന്നാണ്‌ ആലോചിക്കേണ്ടത്‌.
ഉദാഹരണത്തിന്‌ നമ്മുടെ കൈയില്‍ ബാങ്കിലിടാനുള്ള ഒരു ചെക്കുണ്ട്‌. ഒരു കൊറിയർ അയയ്ക്കാനുള്ള കവറുമുണ്ട്‌. സുഹൃത്തിനെ സ്വീകരിക്കാന്‍ ,അല്ലെങ്കില്‍ സന്ദര്‍ശിക്കാന്‍ പോകേണ്ടതുണ്ട്‌. ആദ്യത്തെ രണ്ടു പ്രശ്നങ്ങളും നിലനിര്‍ത്തിക്കൊണ്ട്‌ സുഹൃത്തിനെ കാണാന്‍ പോകുന്നത്‌ ആരോഗ്യകരമല്ല. മനസ്സ്‌ പ്രസന്നമായിരിക്കില്ല. നേരത്തെ
ഏല്‍പ്പിച്ച ജോലികള്‍ പൂര്‍ത്തീകരിക്കാനുണ്ടെങ്കില്‍ അവ മനസ്സില്‍
അടിഞ്ഞുകൂടിക്കിടന്ന് അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടാകും. എന്നാല്‍ ചെക്ക്‌ ബാങ്കിലിടുകയും കൊറിയറ്‍ അയയ്ക്കുകയും ചെയ്തശേഷം സുഹൃത്തിനെ കാണാന്‍ പോകുകയാണെങ്കില്‍ മനസ്സിനുള്ള കഥാര്‍സിസായി. ഉന്മേഷകരവും സുഖകരവുമായിരിക്കും ആ സന്ദർശനം. മനസ്സിന്‍റെ സൗന്ദര്യത്തിനും ജീവിതത്തിനും ഈ
ജോലി തീര്‍ക്കല്‍ അനിവാര്യമാണ്‌. ചിലര്‍ ദീർഘകാലത്തേക്ക് ചില കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാതെ മാറ്റി വയ്ക്കും.ഇത് സുഖം തരുകയില്ല. മാത്രമല്ല മനസ്സ്‌
ശരീരത്തില്‍ ഭാരമാവുകയും ചെയ്യും.

മനസിനു പരിചരണം വേണം

മനസ്സില്‍ നിന്നു വേണ്ടത്ര പരിചരണം കിട്ടാതെ വരുമ്പോള്‍ ശരീരത്തിനും നിയന്ത്രണം നഷ്ടപ്പെടും. ജീവിതത്തിലെത്രയും കഥാര്‍സിസ്‌ ആകാമൊ അത്രയും നല്ലതാണ്‌. മറ്റുള്ളവരുമായുള്ള ഇടപഴകലില്‍ ഇത്‌ രസം പകരും. ഒരാളോടുള്ള പക ,ദേഷ്യം തുടങ്ങിയ വികാരങ്ങള്‍ മനസ്സില്‍ കെട്ടികിടക്കാതിരിക്കണമെങ്കില്‍ കഥാര്‍സിസ്‌ വേണം. ഏത് വികാരത്തെയും ശുദ്ധീകരിക്കുക എന്നത്‌ നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തിന്‍റെ ഭാഗമാണ്‌. മനസിനെ പരിചരിച്ചുകൊണ്ടല്ലാതെ ഈ മുറ്റത്ത് ഇനി ഒരു സംസ്ക്കാരവും അതിജീവിക്കില്ല. ഇത്രയും കാലം ബുദ്ധിയെയും ആത്മീയതയെയും നാം പല വിധത്തില്‍ സേവിച്ചു. ആത്മീയതയെ വ്യാഖ്യാനിക്കുകയും
കല അനുഷ്ഠാനമാക്കുകയും ചെയ്തു  എത്ര നൂറ്റാണ്ടുകള്‍ മനസ്സിനെ അവഗണിച്ചു! ഇതിന്‍റെ ഫലമോ,ക്ളിനിക്കുകളില്‍ പോകേണ്ടിവന്നിട്ടില്ലാത്ത അനേകം പേര്‍ മാനസിക തകരാറുള്ളവരായിരിക്കുന്നു. മനസ് കുഴപ്പമുണ്ടാക്കികൊണ്ടേയിരിക്കും. ആധുനികലോകത്ത്‌ മനസ്സിനെ
ശ്രദ്ധിക്കാനൊന്നും ആര്‍ക്കും നേരം കിട്ടുകയില്ലെന്നത്‌ ശരിയായിരിക്കാം. പക്ഷേ ഓരോ വ്യക്തിയും ആഹാരം കഴിക്കുന്നതുപോലെ പ്രാധാന്യം കൊടുക്കേണ്ട
കാര്യമാണിത്‌.അമേരിക്കന്‍ ചലച്ചിത്ര സംവിധായകനായ ഗ്രെഗ്‌ ഹാരിസണ്‍ പറഞ്ഞത്‌ ഇന്നത്തെ സമൂഹത്തില്‍ കഥാര്‍സിസിന്‌ സാധ്യതയില്ലാതായിരിക്കുന്നു എന്നാണ്. 
ചുറ്റുമുള്ള ലോകത്തില്‍ നമുക്ക്‌ ലയിച്ചു ചേരാം. പല ശരീരങ്ങളില്‍
ഒന്നാകാം. എന്നാല്‍ നമുക്ക്‌ മാത്രമായി അതിജീവനം പറ്റില്ലെന്ന് ഗ്രെഗ്‌ പറയുന്നു. ഇത്‌ വാസ്തവമല്ല. ഈ കാലത്ത്‌ മനുഷ്യന്‍റെ അസ്തിത്വം മനസ്സിന്‍റെ അസ്തിത്വത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. മനസ്സിന്‍റെ യാത്രയെ സുഗമമാക്കുന്നത്‌ കഥാര്‍സിസാണ്‌.

രജതരേഖകൾ

1)രാജൻ കൈലാസ് 

കരുമാടിയിലെ പാതിയുടഞ്ഞ ബുദ്ധനെ തന്നിലേക്കാവാഹിച്ച് രാജൻ കൈലാസ് എഴുതിയ 'പാതിയുടഞ്ഞൊരു ബുദ്ധൻ'(എഴുത്ത്,ആഗസ്റ്റ്) ചിന്തിപ്പിക്കുന്നു;ഭാവനയിൽ പുരുഷനെ പുന:സൃഷ്ടിക്കുന്നു. ഒരു വശം നഷ്ടപ്പെട്ട ബുദ്ധൻ്റെ സംഭാഷണം ഇങ്ങനെ: 'ഒരുനാളെന്നെ തല്ലിയൊടിച്ചവർ 
നിന്നെത്തേടിയുമെത്തും'.

2)ശത്രുഘ്നൻ 

ശത്രുഘ്നൻ്റെ കഥകളെക്കുറിച്ച് മനോജ് വീട്ടിക്കാട് എഴുതിയ ലേഖനം 'ഉന്മാദികളുടെയും ഏകാകികളുടെയും  കഥകൾ'(കലാപൂർണ, ജൂലായ്) ഉചിതമായി .ഒരു ഓർമ്മപ്പെടുത്തലായി. 90കളിൽ ശത്രുഘ്നൻ സാഹിത്യക്യാമ്പുകളിലും  പ്രഭാഷണവേദികളിലും  സജീവമായിരുന്നു. പിന്നീട് അദ്ദേഹം നിത്യപ്രത്യക്ഷതയ്ക്ക് ഇടവേള കൊടുത്ത് ദൃശ്യമാധ്യമത്തിലേക്ക് മാറി. ലളിതമെന്ന് തോന്നുന്ന ജീവിതപ്പുറങ്ങളിൽ അന്തർലീനമായ  അസാധാരണവും സങ്കീർണവുമായ അവസ്ഥ എന്താണെന്ന് ശത്രുഘ്നൻ്റെ  കഥകൾ അന്വേഷിക്കുന്നതായി ലേഖകൻ കണ്ടെത്തുന്നു.

3)വാൻഗോഗ് 

ദൈവത്തെ അറിയാനുള്ള ഏറ്റവും നല്ല മാർഗ്ഗം, പ്രശസ്ത ചിത്രകാരനായ വാൻഗോഗ് ഇങ്ങനെ നിർദ്ദേശിക്കുന്നു: 'ദൈവത്തെ അറിയാൻ വെറുതെ പലതിനെയും സ്നേഹിക്കുക .ഈ സുഹൃത്തിനെ, ഈ വ്യക്തിയെ, ഈ വസ്തുവിനെ, നിങ്ങൾക്ക് ഇഷ്ടമുള്ള എന്തിനെയും. നിങ്ങൾ ദൈവത്തെ അറിയാൻ സഹായിക്കുന്ന ശരിയായ പാതയിലായിരിക്കും. ഇതാണ് ഞാൻ എന്നോട് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. ദൈവത്തെ കൂടുതൽ അറിയാൻ ശ്രമിച്ചുകൊണ്ടിരിക്കണം. ഉദാത്തവും  ഉന്നതവും യഥാർത്ഥവും അഗാധവുമായ സ്നേഹത്തോടെ'.

4)അരവി

ബാംഗ്ളൂരിൽ നിന്ന് 'മിനിമാഗസിൻ' പ്രസിദ്ധീകരിച്ചിരുന്ന അരവിക്ക്  സാഹിത്യകാരന്മാരുമായി വിപുലമായ  സൗഹൃദമുണ്ടായിരുന്നു .അരവിയുടെ ഒരു പാഷനായിരുന്നു മാഗസിൻ. അദ്ദേഹം മലയാളത്തിലെ നവതരംഗ സാഹിത്യത്തിന് പ്രചാരം നൽകിയ പ്രധാന വ്യക്തികളിലൊരാളാണ്.  അരവി എഴുതിയ 'കൊളാഷിന് മുമ്പും പിമ്പും'(പ്രവാസശബ്ദം, ജൂൺ) എന്ന ലേഖനത്തിൽ ഇങ്ങനെ വായിക്കാം: 'ഓർമ്മകൾ ഒന്നിന്റെയും തുടർച്ചയല്ല. ഇടിവെട്ടുമ്പോൾ കൂൺ പൊന്തുമെന്ന്  പണ്ട് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. അസമയത്തും, ആവശ്യമില്ലാതെ അവ തല നീട്ടും.' അരവിയുടെ ജീവിതത്തെയും  പത്രപ്രവർത്തനത്തെയും ഓർമിച്ചെടുക്കുന്ന ഏതാനും പേരുടെ ലേഖനങ്ങളുടെ സമാഹാരമാണ് 'കൊളാഷ്' എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകം.

5)ഓണപ്പതിപ്പ് 

ഒരുകാലത്ത് മലയാളത്തിലെ ഓണപ്പതിപ്പുകൾ ഗൗരവമായ സാഹിത്യ, സാംസ്കാരിക ചിന്തകൾ അവതരിപ്പിച്ചിരുന്നു. കൈനിക്കര കുമാരപിള്ള മഹർഷി അരബിന്ദോയെക്കുറിച്ചെഴുതിയ  ലേഖനം കണ്ടാൽ ആരാണ് ആവേശത്തോടെ വായിക്കാതിരിക്കുക! രവിവർമ്മ, ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ, സി.എൻ.കരുണാകരൻ തുടങ്ങിയവരുടെ പെയിൻ്റിംഗുകളും  അച്ചടിക്കുമായിരുന്നു.പിന്നീട് ചില പ്രധാന പത്രങ്ങളിൽ വാണിജ്യ വിജയത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയുടെ ഫലമായി മസാല ഫീച്ചറുകൾ പ്രത്യക്ഷപ്പെട്ടു.അങ്ങനെ ഓണപ്പതിപ്പുകൾ മികച്ച വായനയ്ക്കുള്ള വിഭവം അല്ലാതായിത്തീരുകയായിരുന്നു. ഓണപ്പതിപ്പുകൾ സൂക്ഷിച്ചു വയ്ക്കുന്ന ശീലത്തിന് മാറ്റമുണ്ടായി.

6)കെ. ഹരിനാരായണൻ 

പൂനയിൽ താമസിച്ചുകൊണ്ട് ഹരിനാരായണൻ മലയാളസാഹിത്യത്തിൽ ഇടപെട്ടത് മനസ്സിലാക്കേണ്ടതാണ്. അദ്ദേഹം ഒരു പ്രവാസി മാസിക (പ്രവാസിശബ്ദം) തുടങ്ങി. അതിനും പുറമെ മലയാള എഴുത്തുകാർക്ക് വേണ്ടി ഒരു സാഹിത്യ അവാർഡ് ഏർപ്പെടുത്തുകയും ചെയ്തു. കാൽ നൂറ്റാണ്ടിലേറെ കാലമായി ഹരിനാരായണൻ പ്രവർത്തനം തുടങ്ങിയിട്ട്.'പ്രവാസിശബ്ദം' ആരംഭിച്ചതോടെ ധാരാളം എഴുത്തുകാർക്ക് പ്രത്യക്ഷപ്പെടാനും എഴുതി വളരാനും അവസരമുണ്ടായി.  ഹരിനാരായണൻ സംഘടിപ്പിച്ചിരുന്ന സാഹിത്യസമ്മേളനങ്ങൾ പ്രധാന സംവേദന സദസ്സുകളായി മാറിയതോർക്കുകയാണ്. മാനസി,എം. ജി.രാധാകൃഷ്ണൻ, ബാലകൃഷ്ണൻ തുടങ്ങിയ കഥാകൃത്തുക്കൾ ആ സമ്മേളനങ്ങളിൽ പങ്കെടുത്തിരുന്നു.

7)കാട്ടൂർ മുരളി 

മുംബൈയിലെ ജീവിതാനുഭവങ്ങളാണ് കാട്ടൂർ മുരളിയുടെ കരുത്ത്. അദ്ദേഹം എഴുതിയ 'വിശ്വാസ് കുൽക്കർണിയോട് സഹതപിക്കുന്നവർ കൈപൊക്കുക'(പ്രവാസിശബ്ദം, ജൂൺ)എന്ന കഥയും ഇത് ദൃഢപ്പെടുത്തുന്നു. എഴുപതുകളിൽ യുവാക്കളുടെ ഹരമായിരുന്ന കാച്ചെണ്ണയും കൃഷ്ണതുളസിയും വരുത്തിയ 'വിന'യാണ് ഈ കഥയിൽ ചുരുളഴിക്കുന്നത് .ഈ വാചകം അത് സ്പഷ്ടമാക്കിത്തരും:'അവളുടെ അരക്കെട്ടു വരെ കുലച്ചു കിടക്കുന്ന അറ്റം കെട്ടിയ കാർകൂന്തലിൽ നിന്നും  പൊഴിയുന്ന ഏതോ കാച്ചണ്ണയുടെയും കൃഷ്ണതുളസിക്കതിരുകളുടെയും സമ്മിശ്രഗന്ധമായിരുന്നു. സത്യം പറഞ്ഞാൽ ആരിലും ഉന്മാദമുണർത്തുന്ന അവാച്യമായ ഒരു മാസ്മരഗന്ധമായിരുന്നു അത്.' വർഷങ്ങൾക്കു മുമ്പ് ഒഎൻവി 'ഉൾക്കടൽ' എന്ന സിനിമയ്ക്ക് വേണ്ടി എഴുതിയ ഗാനത്തിൽ ഈ കൃഷ്ണതുളസിയുണ്ട്:കൃഷ്ണതുളസി കതിരുകൾ ചൂടിയൊരശ്രു കുടി രം ഞാൻ.'എത്ര തലമുറകളെയാണ് ഈ കൃഷ്ണതുളസ് വിശദീകരിച്ചത്!

8)കണ്ണുനീർ

കണ്ണുനീർ വെറും വെള്ളമാണ്; പൂക്കൾക്കും മരങ്ങൾക്കും ഫലങ്ങൾക്കും വെള്ളമില്ലാതെ വളരാനാകില്ല. സൂര്യപ്രകാശവും വേണം. മനസ്സിനേറ്റ മുറിവ് കാലക്രമേണ ഉണങ്ങും. അപ്പോൾ നഷ്ടപ്പെട്ടവരെക്കുറിച്ചുള്ള ഓർമയും സ്നേഹവും നമ്മെ സുഖപ്പെടുത്തുന്ന തരത്തിൽ ഉള്ളിൽ ഉറച്ചിട്ടുണ്ട്'- -ഇംഗ്ലീഷ് കഥാകാരൻ  ബ്രിയാൻ ജാക്യുസ് (1939-2011)പറഞ്ഞു. 

No comments:

Post a Comment

അഭിമുഖം എം.കെ.ഹരികുമാർ /കെ.ജി. മഹേന്ദ്രകുമാർ

  വിമർശനത്തിന്റെ വഴിത്തിരിവ്  # എം.കെ. ഹരികുമാർ രചിച്ച ഉത്തരാധുനികത മരിച്ചു, ഉത്തര- ഉത്തരാധുനികത എന്നീ പുസ്തകങ്ങൾ വിമർശന,സാംസ്കാരിക ചിന്തക...